Latest Updates

നിത്യവുമുള്ള വ്യായാമത്തിനൊപ്പം പോഷകസമ്പുഷ്ടമായ ആഹാരക്രമവും ചേരുമ്പോഴാണ് എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇതിന് സഹായിക്കുന്ന ഭക്ഷണത്തിലെ ചില കിടിലൻ കോമ്പിനേഷനുകള്‍ പരിചയപ്പെടാം.

ഓട്മീലും വാള്‍നട്ടും

സന്തുലിതമായ അളവില്‍ പോഷണങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ ഈ കോംബോ സഹായിക്കുന്നു. ഓട്മീലില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുമ്പോൾ 

വാള്‍നട്ടില്‍ ഫൈബറിന് പുറമേ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉണ്ട്. ഭാരം കുറയ്ക്കാന്‍ ഇവ ഉത്തമമാണ്. 

പഴവും പീനട്ട് ബട്ടറും

നല്ല കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ശരീരത്തിന് ലഭ്യമാക്കാന്‍ പഴവും പീനട്ട് ബട്ടറും സഹായിക്കുന്നു. ഭാരം കുറയ്ക്കാന്‍ ഭക്ഷണം പരിമിതപ്പെടുത്തുന്നവര്‍ക്കും എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ് ഈ കോംമ്പിനേഷന്‍. 

യോഗര്‍ട്ടും ബെറികളും

കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഭക്ഷണവിഭവമാണ് യോഗര്‍ട്ട്. ഇതില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി, പൊട്ടന്‍റ് അമിനോ ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഉയര്‍ന്ന ജലാംശവും കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സുമുള്ള ബെറികളും ചേരുമ്പോൾ  പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവമായി അത് മാറുന്നു. 

മുട്ടയും കാപ്സിക്കവും

ചയാപചയം മെച്ചപ്പെടുത്താന്‍ പ്രോട്ടീന്‍ അധികമുള്ള മുട്ട സഹായിക്കുന്നു. ഇതിനൊപ്പം കാപ്സിക്കത്തിലെ വൈറ്റമിന്‍ സി കൂടി ചേരുമ്പോൾ  കൊഴുപ്പിനെ കത്തിക്കാനും വിശപ്പടക്കാനും സാധിക്കും. 

ചോറും പരിപ്പും

പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സുകളാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ് ചോറ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവയുടെ കോമ്പിനേഷന്‍ സഹായകമാണ്. 

അവോക്കാഡോയും പച്ചിലകളും

വൈറ്റമിനും ധാതുക്കളും ധാരാളം അടങ്ങിയതാണ് പച്ചിലകള്‍. കലോറി കുറഞ്ഞ ഇവ ദീര്‍ഘനേരത്തേക്ക് വിശക്കാതെ ഇരിക്കാന്‍ സഹായകമാണ്. മറുവശത്ത് അവോക്കാഡോയിലെ നല്ല കൊഴുപ്പും വിശപ്പിനെ അമര്‍ത്തി വയ്ക്കുന്നു. ഭാരം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തത്തിലുളള ആരോഗ്യത്തിനും ഇവ അത്യുത്തമമാണ്. 

ബീഫും ബ്രോക്കോളിയും

പേശികളുടെയും ചുവന്ന രക്ത കോശങ്ങളുടെയും നിര്‍മ്മാണത്തിന് ആവശ്യമായ പ്രോട്ടീന്‍ ബീഫ് ശരീരത്തിന് നല്‍കുന്നു. മറുവശത്ത് ബ്രോക്കോളി കൊഴുപ്പ് കത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ വൈറ്റമിന്‍ സി അടക്കമുള്ള പോഷണങ്ങള്‍ ലഭ്യമാക്കുന്നു. ഇവയുടെ കോംബോ  അതിനാല്‍ തന്നെ ഏറ്റവും മികച്ചതാണ്. 

ഗ്രീന്‍ ടീയും നാരങ്ങയും

കറ്റേച്ചിനുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കലോറിയും കൊഴുപ്പും കത്തിച്ചു കളയാന്‍ സഹായിക്കുന്ന  കലോറി കുറഞ്ഞ ഒരു പാനീയമാണ്. മറുവശത്ത് നാരങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിന്‍ സിയും ദഹനത്തെയും ചയാപചയത്തെയും മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

സാല്‍മണും മധുരക്കിഴങ്ങും

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണും ഫൈബര്‍ ധാരാളമുള്ള മധുരകിഴങ്ങും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന്‍റെ ഭാരനിയന്ത്രണത്തിന് സഹായകമാണ്. 

ഡാര്‍ക്ക് ചോക്ലേറ്റും ആല്‍മണ്ടും

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ചയാപചയം മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും സഹായിക്കും. ആല്‍മണ്ടില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ വിശപ്പിനെ അടക്കുകയും ചെയ്യും. ഭാരം കുറച്ച് സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും മികച്ച ഭക്ഷണ കോംബോ വേറെയില്ലെന്ന് പറയാം. 

 

Get Newsletter

Advertisement

PREVIOUS Choice